ഒറ്റ നോട്ടത്തില്‍
സ്ഥലം : പാലക്കാട് താലൂക്ക് ,പാലക്കാട് ജില്ല കേരളം
വാർഡുകൾ : 15 , നിയമസഭാമണ്ഡലം : കോങ്ങാട് , ലോകസഭാമണ്ഡലം : പാലക്കാട്
വില്ലേജ് : മങ്കര
പാലക്കാട് ജില്ലയില്‍, പാലക്കാട് താലൂക്കില്‍ പാലക്കാട് ബ്ളോക്കിലാണ് മങ്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മങ്കര വില്ലേജുപരിധിയിലുള്‍പ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിനു 20.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേരളശ്ശേരി, കോങ്ങാട്, പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, കോട്ടായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി, ലെക്കിടി-പേരൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലെക്കിടി-പേരൂര്‍, മണ്ണൂര്‍, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവില്‍ വന്നത്. ചാത്തംകണ്ടത്ത് അപ്പു ആയിരുന്നു ആദ്യപ്രസിഡന്റ്. സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന ഭാരതപ്പുഴയുടെ തീരത്തെ “മണ്‍തുരുത്ത്” ആണത്രെ മങ്കരയായി അറിയപ്പെട്ടത്. ഭൂപ്രകൃതിയനുസരിച്ച് മങ്കര പഞ്ചായത്തിനെ ചെറിയ മലമ്പ്രദേശം, ഉയര്‍ന്ന സമതലം, ചെരിവുപ്രദേശം, താഴ്വര, നദീതീരപ്രദേശം എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം. ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് മങ്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്. അയ്യര്‍മലയാണ് പഞ്ചായത്തിലെ പ്രധാന കുന്നിന്‍പ്രദേശം. പ്രധാനമായും മഴയെ ആശ്രയിച്ച് കൃഷി നടക്കുന്ന ഇവിടെ നെല്ലാണ് പ്രധാന കൃഷിയെങ്കിലും തെങ്ങ്, റബ്ബര്‍, വാഴ, മരച്ചീനി, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്. ഭാരതപ്പുഴയില്‍ നിന്നുള്ള ജലവും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. “ഖസാക്കിന്റെ ഇതിഹാസം” എന്ന വിഖ്യാത സാഹിത്യകൃതിയുടെ സ്രഷ്ടാവായ ഒ.വി.വിജയന്റെ ജന്മം കൊണ്ട് ധന്യമായ ഗ്രാമം മങ്കര പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയ ഏക മലയാളിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജനിച്ചതും ഈ നാട്ടിലാണ്.