ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന ഭാരതപ്പുഴയുടെ തീരത്തെ “മണ്‍തുരുത്ത്” ആണത്രെ മങ്കരയായി അറിയപ്പെട്ടത്. ആദ്യകാലത്ത് വള്ളുവനാട് രാജാവിന്റെ അധീനതയിലായിരുന്നു ഇന്നീ പഞ്ചായത്തില്‍ കാണുന്ന പ്രദേശങ്ങള്‍. രാജാവിന്റെ പ്രതിനിധികളായി ചില ജന്മികുടുംബക്കാരായിരുന്നു ഭരണം നടത്തിയിരുന്നത്. പാലക്കാടിന്റെയും, വള്ളുവനാടിന്റെയും സമ്മിശ്ര സംസ്ക്കാരമാണ് മങ്കര ഗ്രാമത്തിനുള്ളത്. വള്ളുവകോനാതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ പ്രദേശം പില്‍ക്കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി. ഇടക്കാലത്ത് മലബാറില്‍ ടിപ്പു ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഈ പ്രദേശവും ടിപ്പുവിന്റെ അധീനതയിലാവുകയുണ്ടായി. മറ്റു പലയിടങ്ങളിലും നിര്‍മ്മിച്ചതുപോലൊരു കോട്ട, ഹൈദരാലി മങ്കരയിലും നിര്‍മ്മിക്കുകയുണ്ടായി. മങ്കരക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ചരിത്രസ്മാരകം നിന്നിരുന്നിടത്ത് ഇപ്പോള്‍ ഒരു ഗവ.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഇതിനു പരിസരത്ത് ഇപ്പോഴും കൊട്ടയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. കരിമ്പനക്കൂട്ടങ്ങളും സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ മലകളും ഭാരതപ്പുഴയുമെല്ലാം ചേര്‍ന്ന് സമ്പന്നമാക്കിയ ഹരിതഭംഗിയുള്ള കാര്‍ഷികഗ്രാമമാണിത്. 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെ ആര്യമാലയും ഹരിശ്ചന്ദ്രനാടകവും പൊറാട്ടുകളിയും കൊണ്ട് നിദ്രാവിഹീനങ്ങളാക്കിയ രാവുകളായിരുന്നു ഈ ഗ്രാമത്തിന്റേത്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രതിഷ്ഠിച്ച അനേകം ചെറിയ കോവിലുകള്‍ പാലക്കാടന്‍ ഗ്രാമങ്ങളുടെ ഒരു പ്രത്യേകതയാണ്. അവിടെ നല്ലമ്മപ്പാട്ട് എന്ന നാടന്‍ പേരില്‍ അറിയപ്പെടുന്ന കണ്ണകി-കോവിലന്മാരുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കോവിലന്‍ ചരിത്രം, ഭഗവതിപ്പാട്ടുരൂപത്തില്‍ ഉത്സവമായി നടത്തുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. സര്‍പ്പക്കാവുകളിലെ കളംപാട്ടും കളമെഴുത്തും ഇന്നും ഇവിടങ്ങളില്‍ നടത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനരൂപത്തിലുള്ളൊരു കളിയാണ് കാവുവേലകള്‍ക്കു കെട്ടിനടത്തുന്ന “പറയപൂതം”. കളരിപ്പണിക്കന്മാരായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശത്ത് അക്ഷരവിദ്യ പഠിപ്പിച്ചിരുന്നത്. ഓരോ ദേശത്തും ഓരോ കളരിപ്പണിക്കര്‍ കുടുംബമായിരുന്നു ആ പ്രദേശത്തെ ഗുരുനാഥന്‍മാര്‍. എഴുത്താണിയും ഓലയുമായി കുട്ടികള്‍ ഗുരുനാഥന്‍മാരുടെ വീട്ടിലേക്ക് പോകും. മണലില്‍ വിരല്‍കൊണ്ട് എഴുതിച്ച് കുട്ടികളെ ഗുരുക്കന്‍മാര്‍ അക്ഷരങ്ങള്‍ പഠിപ്പിക്കും. അക്ഷരം പഠിച്ചുകഴിഞ്ഞാല്‍ “അമരകോശം” തുടങ്ങിയ സംസ്കൃത വ്യാകരണഗ്രന്ഥങ്ങളായിരുന്നു പഠിപ്പിച്ചിരുന്നത്. അതിനെ തുടര്‍ന്ന് പഠിപ്പിച്ചിരുന്നത് പുരാണങ്ങളും മഹാകാവ്യങ്ങളുമാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രചാരത്തിലാവുന്നതുവരെ ഇതായിരുന്നു ഈ ഗ്രാമത്തിന്റെയും അയല്‍നാടുകളിലേയും വിദ്യാഭ്യാസരീതി. ആയുര്‍വേദ പാരമ്പര്യചികിത്സാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒട്ടേറെ പ്രശസ്തവ്യക്തികള്‍ മങ്കരയിലുണ്ടായിരുന്നു.. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ രാഷ്ട്രം ഉരുകിത്തിളക്കുമ്പോള്‍ ചില സമരസ്ഫുലിംഗങ്ങള്‍ മങ്കരയിലും ഉണ്ടാകാതിരുന്നില്ല. 1964-ല്‍ മദ്യനിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇവിടെയുള്ള ചെത്തുതൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമര കാലയളവിലും പിന്നീടുണ്ടായ നവോത്ഥാന കാലഘട്ടത്തിലും മാറ്റത്തിന്റെ വലിയ വെളിച്ചം ഉള്‍ക്കൊള്ളാന്‍ മങ്കരക്കു കഴിഞ്ഞിട്ടുണ്ട്. “ഖസാക്കിന്റെ ഇതിഹാസം” എന്ന വിഖ്യാത സാഹിത്യകൃതിയുടെ സ്രഷ്ടാവായ ഒ.വി.വിജയന്റെ ജന്മം കൊണ്ട് ധന്യമായ ഗ്രാമം മങ്കര പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയ ഏക മലയാളിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജനിച്ചതും ഈ നാട്ടിലാണ്. ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും, ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ളണ്ടില്‍ ചെന്ന് കേസ് വാദിക്കുകയുണ്ടായി. സര്‍ സി.ശങ്കരന്‍ നായരാല്‍ സ്ഥാപിക്കപ്പെട്ട സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1956-വരെ മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ തെക്കേ മലബാറിലെ ഒരു പാലക്കാടന്‍ ഉള്‍ഗ്രാമമായിരുന്നു മങ്കര. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മങ്കര ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ്ടു വരെയുള്ള പഠനം സാധ്യമാണ്. കല്ലൂര്‍, കണ്ണമ്പിരിയാരം എന്നിവിടങ്ങളില്‍ എല്‍.പി.സ്കൂളുകളും മാങ്കുറിശ്ശിയില്‍ ഒരു യു.പി.സ്കൂളും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു